. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം, കൊച്ചിയിലടക്കം പല സ്ഥലത്തും ഇത് നഷ്ടമാകുന്നെന്നും കോട
കൊച്ചി : മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്നു ഹൈക്കോടതി. മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി, ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരന്‍മാരുടെ അവകാശങ്ങളുടെ സംരക്ഷകര്‍ എന്ന നിലയ്ക്കുമാണ് സ്വമേധയാ കേസെടുത്തതെന്ന് വ്യക്തമാക്കി.
മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. എന്നാല്‍ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന്‍മാര്‍ക്കും നഷ്ടമാകുന്നു. അതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത് ഈ സാഹചര്യത്തിലാണ്. പൊതുജന താല്‍പര്യത്തിനാണ് പ്രഥമ പരിഗണന.
സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂണ്‍ ആറ് വരെയുളള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. കേരളം മുഴുവന്‍ ഒരു നഗരമായാണ് കണക്കാക്കേണ്ടതെന്നും ഈ നഗരം മുഴുവന്‍ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് ഉദ്ദേശമെന്നും കോടതി പറഞ്ഞു.
സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് നിയമങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി പറഞ്ഞു. നിയമങ്ങള്‍ അതിന്‍റെ യഥാര്‍ഥ ഉദ്ദേശത്തില്‍ നടപ്പാക്കപ്പെടുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. സംസ്ഥാനത്താകെ മാലിന്യസംസ്കരണത്തിന് കൃത്യമായ സംവിധാനമുണ്ടാകണം. ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കുന്നതിനുളള സംവിധാനം സര്‍ക്കാര്‍ ശക്തമാക്കിയേ പറ്റൂ. മാലിന്യം പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി വേണമെന്നും സര്‍ക്കാരിനോട് കോടതി വ്യക്തമാക്കി.
വീട്ടുപടിക്കലെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇത് അതിവേഗം നടപ്പാക്കിയേ പറ്റൂ. ഏറെ പേജുകളുളള റിപ്പോര്‍ട്ടുമായി വരേണ്ടെന്നും എങ്ങനെ നടപ്പാക്കാമെന്ന് കൃത്യമായി പറഞ്ഞാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണയാണ് ഇക്കാര്യത്തില്‍ ആവശ്യമായിട്ടുളളത്. യുദ്ധകാലാടിസ്ഥാനത്തിലുളള നടപടികളാണ് ശാസ്ത്രീയ മാലിന്യ നിര്‍മാജനത്തിന് സംസ്ഥാനത്തിന് വേണ്ടത്.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.ജില്ലാ കലക്ടര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറിയടക്കമുളളവര്‍ കോടതിയില്‍ ഹാജരായി.