കൊച്ചി: മാലിന്യ പ്രശ്നത്തില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണം. മാലിന്യ സംസ്കരണ വിഷയത്തില്‍ അമ്മിക്കസ് ക്യൂറിമാരെ നിയോഗിക്കേണ്ടതിന്‍റെ ആവശ്യകതയും കോടതി ആവര്‍ത്തിച്ചു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് പുതിയ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ടെന്‍ഡറിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഏഴു വര്‍ഷത്തിനിടെ 31 കോടി രൂപ മാലിന്യ സംസ്കരണത്തിന് ചെലവാക്കിയെന്നും സെക്രട്ടറി കോടതിയില്‍ അറിയിച്ചു.മാലിന്യ സംസ്കരണത്തിന് ഉപയോഗിച്ച തുകയുടെ വിവരങ്ങളടങ്ങിയ രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
ബ്രഹ്മപുരം വിഷയത്തില്‍ നിരീക്ഷണ സമിതി വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മാലിന്യ സംസ്കരണത്തിന് ആവശ്യമായ സ്ഥലം പ്ലാന്‍റില്‍ ഇല്ല. കെട്ടിടങ്ങള്‍ നശിച്ച നിലയിലാണ്. അവ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്നും സമിതി കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ മാലിന്യ സംസ്കരണം പഠിക്കാന്‍ അമിക്കസ്ക്യൂറിമാരെ നിയമിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.മാലിന്യ സംസ്കരണത്തിന് കോടതി മേല്‍നോട്ടം വഹിക്കും . ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബ്രഹ്മപുരത്ത് തീയണിക്കാന്‍ പരിശ്രമിച്ച അഗ്നിരക്ഷാസേന അംഗങ്ങളെ ഹൈക്കോടതി അഭിനന്ദിച്ചു.