അഹമ്മദാബാദ്: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തമുണ്ടായ മോര്‍ബി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.രക്ഷാപ്രവര്‍ത്തനം തുടരുന്ന മച്ചു നദിക്ക് മുകളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച മോര്‍ബി സിവില്‍ ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കൃത്യസമയത്ത് സഹായം നല്‍കിയതിന് പ്രധാനമന്ത്രിയോട് പട്ടേല്‍ നന്ദിയറിയിച്ചു.135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബിപാലം അപകടത്തില്‍ വന്‍ അഴിമതിയുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പാലം നിര്‍മ്മാണത്തില്‍ യാതൊരു പരിചയവുമില്ലാത്ത ഒരു വാച്ച് നിര്‍മ്മാണ കമ്ബനിയെ എന്തുകൊണ്ടാണ് പാലനിര്‍മ്മാണം ഏല്‍പ്പിച്ചതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ചു.
പാലം പൊട്ടിവീഴാന്‍ കാരണമായത് അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ പേര്‍ കയറിയതിനാലെന്നാണ് ഫോറന്‍സിക് സംഘം പരിശോധനയ്ക്ക് ശേഷം അറിയിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലം പുതുക്കിപ്പണിയാനായി 7 മാസം അടിച്ചിട്ട ശേഷം 26 നാണ് തുറന്ന് കൊടുത്തത്.
അപകടസമയത്ത് പാലത്തില്‍ 500ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.അജന്ത ക്ളോക്കിന്‍റെ അനുബന്ധ കമ്ബനിയായ ഒറേവ ഗ്രൂപ്പാണ് മോര്‍ബി മുനിസിപ്പാലിറ്റിയുമായി പാലം പരിപാലിക്കാന്‍ 15 വര്‍ഷത്തെ കരാര്‍ എടുത്തിട്ടുള്ളത്. ഇവര്‍ മറ്റൊരു ചെറിയ നിര്‍മ്മാണകമ്ബനിക്ക് സബ് കോണ്‍ട്രാക്ട് നല്‍കുകയായിരുന്നു. അവര്‍ക്ക് വേണ്ടത്ര നിര്‍മ്മാണപരിചയം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പാലം തുറന്ന് കൊടുക്കുന്ന കാര്യം ഒറേവ കമ്ബനി തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും മോര്‍ബി മുനിസിപ്പല്‍ ചെയര്‍മാന്‍ സന്ദീപ് സിംഗ് സല പറഞ്ഞു. ഇക്കാര്യത്തില്‍ ഒറേവ കമ്പനി പ്രതികരിച്ചിട്ടില്ല.