ന്യൂഡല്‍ഹി :ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥി. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. കര്‍ണാടക സ്വദേശിയാണ് മാര്‍ഗരറ്റ് ആല്‍വ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.17 പാര്‍ട്ടികളാണ് പവാറിന്‍റെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. അതേസമയം, തൃണമൂലിന്‍റെ പ്രതിനിധികളാരും എത്തിയിരുന്നില്ല. എന്നാല്‍ തൃണമൂല്‍ ഉള്‍പ്പെടെ 19 പാര്‍ട്ടികളുടെ പിന്തുണ മാര്‍ഗരറ്റ് ആല്‍വയ്ക്ക് ഉണ്ടാകുമെന്ന് ശരദ് പവാര്‍ പറഞ്ഞു. നേരത്തെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിലയുറപ്പിക്കുകയും പിന്നീട് ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത പാര്‍ട്ടികളും ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ എത്തിയിരുന്നു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെ നേരത്തെ എന്‍ഡിഎഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.രാജ്യത്തിന്‍റെ 16-ാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 6-ന് നടക്കും. അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കും. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് 10-നാണ് അവസാനിക്കുന്നത്.ആഗസ്ത് 11 നാണ് പുതിയ ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത്.