വിടവാങ്ങിയത് കോഴിക്കോടന്‍ ഹാസ്യത്തിന്‍റെ ജനപ്രിയ നടന്‍
കോഴിക്കോട്: കോഴിക്കോടന്‍ സംഭാഷണ ശൈലിയിലൂടെയും നര്‍മ്മത്തിലൂടെയും മലയാളികളുടെ മനംകവര്‍ന്ന നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 1.05 ഓടെയായിരുന്നു അന്ത്യം.
ബേപ്പൂര്‍ മാത്തോട്ടത്തെ വീട്ടിലായിരുന്നു താമസം.ഭാര്യ: സുഹ്റ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്. മരുമക്കള്‍: ജസി, ഹബീബ് (കോഴിക്കോട്), സക്കീര്‍ ഹുസൈന്‍(കെഎസ്ഇബി, വെസ്റ്റ്ഹില്‍), ഫസ്ന (പുറമേരി). മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ, ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്. ഭൗതികശരീരം കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു.ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.സത്യന്‍ അന്തിക്കാട്,എം.കെ. രാഘവന്‍ എംപി, സാവിത്രി ശ്രീധരന്‍, കോഴിക്കോട് നാരായണന്‍ നായര്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കലാരംഗങ്ങളിലെ പ്രമുഖരടക്കം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. ഖബറടക്കം ഇന്ന് രാവിലെ 10 ന് കണ്ണമ്പറമ്പ് ശ്മശാനത്തില്‍.നാടകത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയ ഹാസ്യവേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. കുതിരവട്ടം പപ്പുവിനെപ്പോലെ കോഴിക്കോടന്‍ ഹാസ്യത്തിന്‍റെ ജനകീയമുഖമായിരുന്നു മാമുക്കോയ.
1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ ത്തിയത്. തുടര്‍ന്ന് വൈക്കം മുഹമ്മദ് ബഷീറിന്‍റെ ശുപാര്‍ശയില്‍ ‘സുറുമയിട്ട കണ്ണുകള്‍’ എന്ന സിനിമയില്‍ മുഖം കാട്ടി.സിബി മലയിലിന്‍റെ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. സത്യന്‍ അന്തിക്കാടിന്‍റെ നാടോടിക്കാറ്റിലെ ഗഫൂര്‍ എന്ന കഥാപാത്രമാണ് വഴിത്തിരിവായത്.പിന്നീട് അദ്ദേഹത്തിന് തിരക്കോട് തിരക്കായി. കൈനിറയെ ചിത്രങ്ങള്‍. കോഴിക്കോടന്‍ ഹാസ്യം കുതിരവട്ടം പപ്പുവില്‍ നിന്നും മാമുക്കോയയിലേക്ക് എത്തിയ കാലമായിരുന്നു അത്.
നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക, സന്ദേശത്തിലെ രാഷ്ട്രീയക്കാരന്‍ കെ.ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍, ഉരുവിലെ ശ്രീധരന്‍ ആശാരി തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. 90 കളില്‍ ഇന്നസെന്‍റിനൊപ്പവും ജഗതി ശ്രീകുമാറിനൊപ്പവും സിനിമയുടെ വിജയത്തിന് മാമുക്കോയയും ഒഴിച്ചുകൂടാന്‍ വയ്യാത്ത നടനായിരുന്നു.സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു.
ഹാസ്യം മാത്രമല്ല ക്യാരക്ടര്‍ റോളും ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ച പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യകജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.
ചാലിക്കണ്ടിയില്‍ മുഹമ്മദിന്‍റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിന് കോഴിക്കോട് പള്ളിക്കണ്ടിയില്‍ ജനിച്ചു. കോഴിക്കോട് എം എം ഹൈസ്കൂളില്‍ നിന്ന് പത്താം തരം പാസായ അദ്ദേഹം കല്ലായിയില്‍ മരമളക്കുന്ന ജോലിയില്‍ പ്രവേശിച്ചു.നാടകാഭിനയത്തില്‍ തല്‍പ്പരനായ മാമുക്കോയ നാടകവും ജോലിയും ഏറെക്കാലം ഒരുമിച്ചു കൊണ്ടുപോയി. കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക സദസ്സുകളില്‍ സജീവമായിരുന്നു.