മാന്‍പവര്‍ ബാങ്കുകളുടെ രൂപീകരണത്തിന് ഗ്രാമപഞ്ചായത്തുകളെ അധികാരപ്പെടുത്തിയെന്ന് എം.ബി രാജേഷ്

Top News

തിരുവനന്തപുരം : മാന്‍പവര്‍ ബാങ്കുകള്‍ രൂപീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളെ അധികാരപ്പെടുത്തിയെന്ന് മന്ത്രി എം.ബി രാജേഷ്.പദ്ധതി ആസൂത്രണ മാര്‍ഗരേഖ പ്രകാരവും കേരള പഞ്ചായത്ത് രാജ് നിയമപ്രകാരവും ഗ്രാമപഞ്ചായത്തുകളുടെ ചുമതലയില്‍ മാന്‍പവര്‍ ബാങ്കുകള്‍ രൂപീകരിക്കുന്നതിന് വ്യവസ്ഥയുണ്ട്. തദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്നും നിയമസഭയില്‍ അദ്ദേഹം രേഖാമൂലം മറുപടി നല്‍കി.
തദേശ ഭരണസ്ഥാപനങ്ങള്‍ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ വാര്‍ഷിക പദ്ധതികള്‍ തയാറാക്കുന്നതിനായുള്ള ആസൂത്രണ മാര്‍ഗരേഖ പ്രകാരം ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ച് മാന്‍പവര്‍ ബാങ്കുകള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് രാജ് നിയമം പ്രകാരം, തൊഴില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മാന്‍പവര്‍ ബാങ്കുകള്‍ രൂപീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളെ അധികാരപ്പെടുത്തിയത്.
വിവിധ തലങ്ങളിലുള്ള തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഇത് പ്രകാരം ലേബര്‍ ബാങ്കുകള്‍ രൂപീകരിക്കുന്നതിന് പ്രോജക്ടുകള്‍ ഏറ്റെടുത്തു തുടങ്ങി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജില്ലാ ലേബര്‍ ബാങ്ക് എന്ന പേരില്‍ ഒരു നൂതന പ്രോജക്ട് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വിഹിതം, തെരഞ്ഞെടുത്ത ഒമ്പത് ഗ്രാമപഞ്ചായത്തുകളുടെ വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിങ്ങനെ ആകെ 2.90 കോടി രൂപയുടെ പ്രോജക്ട് ആണിത്.
കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതിക മുറകളില്‍ അറിവും നൈപുണ്യവും ആര്‍ജിച്ച കര്‍ഷകത്തൊഴിലാളികളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും, വിദ്യാസമ്പന്നരായ യുവജനതയെ കര്‍ഷകത്തൊഴില്‍ രംഗത്തേക്ക് കൊണ്ട് വരുന്നതിനും ഇത് ആവശ്യമാണ്. കര്‍ഷകര്‍ക്ക് നിശ്ചിത ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നതിനും, കാര്‍ഷിക രംഗത്ത് മാര്‍ക്കറ്റിങിനായി ഫലപ്രദമായ ഏകജാലക സംവിധാനം സൃഷ്ടിക്കാനുമാണ് പദ്ധതി വഴി ഉദേശിക്കുന്നത്. ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലും 20 വീതം അഭ്യസ്തവിദ്യരും ചെറുപ്പക്കാരുമായ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *