ന്യൂഡല്‍ഹി: ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ അതിഷിയ്ക്ക് സമന്‍സ് അയച്ച് കോടതി.ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹിയിലെ കോടതിയാണ് സമന്‍സ് അയച്ചത്. കേസിന്‍റെ വിചാരണയ്ക്ക് ജൂണ്‍ 29-ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.സമന്‍സുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, സമ്പൂര്‍ണ സ്വേച്ഛാധിപത്യത്തിനാണ് അവര്‍ ലക്ഷ്യംവെക്കുന്നതെന്ന് ബി.ജെ.പിയെ ഉന്നംവെച്ച് കെജ്രിവാള്‍ ആരോപിച്ചു. അടുത്തതായി അതിഷിയെ അറസ്റ്റ് ചെയ്യുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനാണ് ഇപ്പോള്‍ അവര്‍ പദ്ധതിയിടുന്നത്. മോദി വീണ്ടും അധികാരത്തില്‍വന്നാല്‍ എല്ലാ പ്രതിപക്ഷ നേതാക്കളും അറസ്റ്റിലാകുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നായിരുന്നു അതിഷിയുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയഭാവി സുരക്ഷിതമാക്കാമെന്ന വാഗ്ദാനവുമായി അടുത്തസുഹൃത്തുവഴിയാണ് ബി.ജെ.പി. തന്നെ സമീപിച്ചത്. ചേര്‍ന്നില്ലെങ്കില്‍ ഒരുമാസത്തിനകം ഇ.ഡി. അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചിരുന്നു.