ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിവരെയാണ് ഡല്‍ഹിയിലെ സാകേത് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.കൊലപാതകം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരായ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റ് മരിച്ചത്. കാറിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കാര്‍ അപകടത്തില്‍ മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തി.ഒരു വര്‍ഷത്തിന് ശേഷം 2009 മാര്‍ച്ചില്‍ കോള്‍ സെന്‍റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് 2008 ല്‍ സൌമ്യയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. കവര്‍ച്ചയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ 2009 മുതല്‍ കസ്റ്റഡിയിലാണ്. ഇവരുടെ പേരില്‍ മോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.