ബംഗളൂരു: ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കുമായി ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി.വിദ്യാര്‍ഥിനികളെ പിന്തുടരുകയും ഫോട്ടോയും വിഡിയോയും പകര്‍ത്തുകയും ചെയ്യുന്നതില്‍നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് വിവിധ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പുറമെ, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍,യാഹൂ, ഇന്‍സ്റ്റഗ്രാം, യൂടൂബ്, വാട്ട്സ്ആപ്പ് തുടങ്ങി 60 ലേറെ മാധ്യമങ്ങള്‍ക്കെതിരെയാണ് ഹരജി.
നിക്ഷിപ്ത താല്‍പര്യത്തോടെ വിദ്യാര്‍ഥികളെ കളിയാക്കുകയും അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ക്രിമനല്‍വത്കരിക്കുകയും ചെയ്യുന്നതായും വിദ്വേഷത്തിന്‍റെ വിഷം കുത്തിവെച്ച് വിദ്യാര്‍ഥികളെ ഭിന്നിപ്പിക്കാനും വര്‍ഗീയവത്കരിക്കാനും തുടര്‍ച്ചയായ ശ്രമം നടക്കുന്നതായും അബ്ദുല്‍ മന്‍സൂര്‍, മുഹമ്മദ് ഖലീല്‍, ആസിഫ് അഹമ്മദ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ശിരോവസ്ത്ര വിവാദത്തില്‍ വിദ്യാര്‍ഥിനികളെ കാമ്ബസിനകത്തും പുറത്തും മാധ്യമങ്ങള്‍ വേട്ടയാടുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ശിവമൊഗ്ഗയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ പിന്നാലെ ഓടി മാധ്യമപ്രവര്‍ത്തകന്‍ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ബാലക്ഷേമ സമിതി വിശദീകരണം തേടുകയും മാധ്യമപ്രവര്‍ത്തകന്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.