മാദി സര്‍ക്കാരിനു കീഴില്‍ രാജ്യം സുരക്ഷിതമല്ലെന്ന് പ്രിയങ്ക

Latest News

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനു കീഴില്‍ രാജ്യത്ത് ആരുംതന്നെ സുരക്ഷിതരല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്‍റെ സ്നേഹിതരായ കോടീശ്വരന്‍മാര്‍ ഒഴികെ രാജ്യത്തെ പാവപ്പെട്ടവരും സ്ത്രീകളും ദളിത് വിഭാഗക്കാരുമൊന്നും സുരക്ഷിതരല്ലെന്ന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കര്‍ഷക റാലിയില്‍ പങ്കെടുത്തു സംസാരിക്കവേ പ്രിയങ്ക പറഞ്ഞു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉപവാസമനുഷ്ഠിക്കുകയായിരുന്ന പ്രിയങ്ക ദേവീ സ്തുതികളോടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. രാജ്യത്തിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ കര്‍ഷകരാണ്. പ്രധാന മന്ത്രിയടക്കമുള്ളവരുടെ സ്വകാര്യ സ്വത്തല്ല ഇന്ത്യയെന്ന് നിങ്ങള്‍ തിരിച്ചറിയണം. രാജ്യത്തെ പൗരന്‍മാരുടെ തീന്‍മേശകളില്‍ ഭക്ഷണമെത്തിക്കുന്നത് കര്‍ഷകരാണ്. അവരുടെ മക്കളാണ് രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത്. പക്ഷേ അവര്‍ക്കെതിരേ അക്രമമുണ്ടായപ്പോള്‍ അവര്‍ നീതിക്കായി യാചിക്കേണ്ടി വരുന്നു.
ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കു നേരേയുണ്ടായ അക്രമത്തിന് തൊട്ടുപിന്നാലെ ലക്നോവിലെത്തിയ പ്രധാനമന്ത്രി ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണുന്നതിന് തയാറായില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരേ ഒരു വര്‍ഷത്തോളമായി പ്രതിഷേധിക്കുന്ന കര്‍ഷകരോടു സംസാരിക്കുന്നതിനും പ്രധാനമന്ത്രി മുതിര്‍ന്നില്ല. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിനുവേണ്ടി രണ്ടു വിമാനങ്ങള്‍ വാങ്ങി. 16,000 കോടി രൂപയാണ് ഇതിനു മുടക്കിയത്.
അതേസമയം, എയര്‍ ഇന്ത്യ 18,000 കോടി രൂപയ്ക്ക് ശതകോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്കു വിറ്റു. റെയില്‍വേ, വിമാനത്താവളങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ശതകോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്കു കൈമാറുകയാണ്പ്രിയങ്ക പറഞ്ഞു.
ഹത്രാസിലും ഉന്നാവോയിലും കൊല്ലപ്പെട്ടവര്‍ക്ക് ഇന്നും നീതികിട്ടിയിട്ടില്ല. ലഖിംപുരിലെ ജനങ്ങളും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്നാണു കരുതുന്നത്. ഉത്തര്‍പ്രദേശിന്‍റെ മോശം അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകും. ജയിലില്‍ അടച്ചാലും മര്‍ദിച്ചാലും കോണ്‍ഗ്രസ് യുപിയിലെ ജനങ്ങളെ കൈവിടില്ലെന്നും പ്രിയങ്ക പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, പാചക വാതകം, പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ കാരണം ജനങ്ങള്‍ വീര്‍പ്പു മുട്ടുമ്പോള്‍ മോദിജിയുടെ സമ്പന്നരായ സുഹൃത്തുക്കള്‍ കോടികളുടെ ലാഭം കൊയ്യുന്നുവെന്നും പ്രിയങ്ക പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *