ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് മുഴുവന്‍ മുസ്ലിംകള്‍ക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതികള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ചു തുടങ്ങിയതായി സൂചന.വിദ്വേഷ പ്രസംഗം നടത്തിയ മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം സമ്മര്‍ദം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നീക്കം. കോണ്‍ഗ്രസിനെ കൂടാതെ സി.പി.എമ്മും മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.രാജ്യത്തിന്‍റെ വിഭവങ്ങളില്‍ ന്യൂനപക്ഷ സമുദായത്തിനാണ് പ്രഥമ അവകാശമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞുവെന്ന് അവകാശപ്പെട്ടാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സമ്പത്ത് മുഴുവന്‍ മുസ്ലിംകള്‍ക്ക് വിതരണം ചെയ്യുമെന്ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ച് പ്രചാരണം നടത്തിയ മോദിയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദിക്കും ബി.ജെ.പിക്കുമെതിരായ പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു. മോദിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം സൂചിപ്പിച്ചു.