മാട്ടറയിലെ കരയിടിച്ചില്‍; റവന്യൂസംഘം സന്ദര്‍ശിച്ചു

Top News

മാട്ടറ: തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകളിലും മലവെള്ളപ്പാച്ചിലിലും കരയിടിഞ്ഞ മാട്ടറയിലെ പ്രദേശങ്ങള്‍ ഇരിട്ടി തഹസില്‍ദാര്‍ പ്രകാശിന്‍റെ നേതൃത്വത്തിലുള്ള റവന്യൂസംഘം സന്ദര്‍ശിച്ചു.
പുഴ കരകവിഞ്ഞതിനാല്‍ നിരവധി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് സ്ഥലം ഇടിഞ്ഞു നശിച്ചിട്ടുണ്ട്. 2018 മുതലാണ് കരയിടിച്ചില്‍ രൂക്ഷമായത്. ചാപ്പത്തോട് ഭാഗത്ത് മടുക്കകുഴി കടവിലും മാട്ടറ കാരിസ് യുപി സ്കൂള്‍ പരിസരത്ത് കോങ്ങാട്ട് കടവിലും മണിക്കടവ് ,മാട്ടറ പുഴകളുടെ സംഗമ സ്ഥലത്ത് കടമനകണ്ടി പീടികക്കുന്ന് റോഡിന്‍റെ ഭാഗത്തുമാണ് ഏറ്റവും കൂടുതല്‍ കരയിടിച്ചിലും സ്ഥലനഷ്ടവും ഉണ്ടായത്. കരയിടിച്ചിലിന്‍റെ രൂക്ഷത കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് ആവശ്യമായ സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
കരയിടിച്ചില്‍ രൂക്ഷമായ ഈ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് നേതാവ് സജി കുറ്റ്യാനിമറ്റം സന്ദര്‍ശനം നടത്തിയിരുന്നു.
നേരത്തെ എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞ കോങ്ങാട്ട് കടവില്‍ പുഴക്ക് പാര്‍ശ്വഭിത്തി കെട്ടാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ മന്ത്രി തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി ഭൂമി സംരക്ഷിക്കാന്‍ ആവശ്യമായ പദ്ധതികള്‍ക്ക് സഹായം ലഭിക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് വാര്‍ഡ് മെംബര്‍ സരുണ്‍ തോമസ് പറഞ്ഞു.
തഹസില്‍ദാര്‍ പ്രകാശിനെ പുറമേ വയത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനി ഷിഹാബുദീന്‍, ഇറിഗേഷന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജനീയര്‍ ആര്‍.രജീഷ്, അസി. എന്‍ജിനിയര്‍ പി.പി. ഷിജി, ഓവര്‍സിയര്‍മാരായ സി.പി. മാനു, വി.വി. രൂപിഷ, ഉളിക്കല്‍ പഞ്ചായത്ത് ജെഎസ് രമേഷ് ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *