മഹാരാഷ്ട്രയില്‍ ഭരണം തുലാസില്‍

Kerala
മഹാ വികാസ് അഘാഡി സഖ്യത്തെ ഞെട്ടിച്ചു മന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം. മന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് – എന്‍സിപി – ശിവസേന സഖ്യസര്‍ക്കാരിലെ 22 വിമത എംഎല്‍എമാര്‍ ഗുജറാത്തിലെ ഹോട്ടലിലേക്ക് മാറി. താനെ മേഖലയിലെ മുതിര്‍ന്ന ശിവസേന നേതാവും നഗരവികസന, പൊതുമരാമത്ത് മന്ത്രിമായ ഏക്നാഥ് ഷിന്‍ഡേയും മറ്റ് 21 എംഎല്‍എമാരുമാണ് ഗുജറാത്തിലേക്ക് പോയിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ദവ് താക്കറെ വിമത നീക്കം തടയാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും. ഉദ്ദവ്, ഷിന്‍ഡേയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്. സംഭാഷണം 20 മിനുട്ട് നീണ്ടു. 35 എംഎല്‍എമാരുടെ പിന്തുണ ഉള്ളതായി ഷിന്‍ഡേ ഉദ്ദവ് താക്കറെയെ അറിയിച്ചതാ യാണ് വിവരം. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ തയ്യാറാണെന്നു ഉദ്ദവ് അറിയിച്ചതായും അഭ്യൂഹമുണ്ട്.ഉദ്ദവും അജിത് പവാറും കൂടിക്കാഴ്ച നടത്തി.എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുംബൈയില്‍ എത്തി. അതേസമയം, വിമതനീക്കത്തിന് പിന്നില്‍ പങ്കില്ലെന്നാണ് ബി.ജെ.പി വാദം.രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് മുന്നില്‍ തിരിച്ചടി നേരിട്ട മഹാവികാസ് അഘാഡി സഖ്യത്തിന് വമ്പന്‍ ഷോക്കാണ് വിമത നീക്കം. ശിവസേനയിലെ മുതിര്‍ന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡേയാണ് തിങ്കളാഴ്ച അര്‍ധ രാത്രിയോടെ സൂറത്തിലെമറീഡിയന്‍ ഹോട്ടലിലേക്ക് എംഎല്‍എമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎല്‍എമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണമെന്ന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നല്‍കി. പക്ഷെ യോഗത്തിന് പാതി അംഗങ്ങള്‍ പോലും എത്തിയില്ലെന്നാണ് വിവരം. ആകെയുള്ള 55ല്‍ 33 പേര്‍ എത്തിയെന്ന് സേനാ നേതാവ് സഞ്ജയ് റാവത് അവകാശപ്പെട്ടു. ബി.ജെ.പിക്കൊപ്പം നിന്ന് സര്‍ക്കാരുണ്ടാക്കണമെന്നാണ് ഏക്നാഥ് ഷിന്‍ഡേ മുന്നോട്ട് വച്ച നിര്‍ദ്ദേശം. അത് സേനാ നേതൃത്വം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഷിന്‍ഡേയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിഎയുമായ മിലിന്ത് നവരേക്കര്‍ സൂറത്തിലെത്തി വിമതരുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.വിമത നീക്കത്തിന് പിന്നാലെ കോണ്‍ഗ്രസും എംഎല്‍എമാരുടെ യോഗം അടിയന്തരമായി ചേര്‍ന്നു. നിരീക്ഷകനായി മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവ് കമല്‍ നാഥിനെ മഹാരാഷ്ട്രയിലേക്ക് അയച്ചു.അതേസമയം ഈ നീക്കങ്ങളിലൊന്നും പങ്കില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ പറഞ്ഞത്. എന്നാല്‍ ബി.ജെപി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയില്‍ അമിത് ഷാ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *