മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ചുമതലയില്‍നിന്ന് രാജി സമര്‍പ്പിച്ച് ദേവേന്ദ്ര ഫഡ്നാവിസ്.2019-ല്‍ 23 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 10 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഫഡ്നാവിസ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്.
മാഹാരാഷ്ടയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പിന് പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഫഡ്നാവിസ്, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ടാണ് കത്ത് നല്‍കിയത്. സഘടനാതലത്തില്‍ പ്രവര്‍ത്തനം സജീവമാക്കി, നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ടയില്‍ എന്‍.ഡി.എ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിച്ചത്. 2019-നെ അപേക്ഷിച്ച് വന്‍ തകര്‍ച്ചയാണ് സഖ്യത്തിനുണ്ടായത്. പ്രതിപക്ഷമായിരുന്ന എന്‍.സി.പി (ശരദ് പവാര്‍), ശിവസേന (ഉദ്ധവ്), കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളടങ്ങുന്ന മഹാവികാസ് അഘാഡി 29 സീറ്റുകള്‍ നേടി. 2019-ല്‍ ഒരു സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ നേടിയത് 13 സീറ്റുകളാണ്.
