മഴ അതിശക്തം;ജാഗ്രത

Kerala

. വ്യാപകമായി നാശനഷ്ടം
. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. അപ്പര്‍ കുട്ടനാട് അടക്കമുള്ളിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരമേഖലയില്‍ ജനജീവിതം ദുസ്സഹമായി. അന്‍പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃശ്ശൂരില്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു.
കനത്ത മഴയെ തുടര്‍ന്ന് തിരുവല്ല നിരണം പനച്ചിമൂട് സി എസ് ഐ പള്ളി തകര്‍ന്നുവീണു. ആളപായമില്ല. ഇന്നലെ രാവിലെ ആറരയോടെയാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി തകര്‍ന്നു വീണത്.
അലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ തകര്‍ന്നു. അമ്പലപ്പുഴ കരുമാടി ഓലപ്പള്ളിച്ചിറ തങ്കപ്പന്‍റെ വീട് ശക്തമായ കാറ്റിലും മഴയിലുമാണ് നിലം പതിച്ചത്. അപകട സമയത്ത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുന്നപ്ര നന്ദികാട് മീനാക്ഷിയുടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. മലപ്പുറം കൊണ്ടോട്ടി എടവണ്ണപാറ റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞു. അടുത്തിടെ നവീകരിച്ച റോഡാണ് തകര്‍ന്നത്. കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണി – കൊച്ചു കണാച്ചേരി റോഡിന് കുറുകെ കൂറ്റന്‍ മരം കടപുഴകി വീണു. മലപ്പുറം പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു.
തിരുവനന്തപുരത് റോഡിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന്‍ കള്ളിക്കാട് സ്വദേശി രാമചന്ദ്രന്‍ നായര്‍ക്ക് പരുക്കേറ്റു വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ തൊട്ടടുത്ത വീട്ടിലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടത്ത് വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. കൊല്ലം ചിതറ മുളളിക്കാട് ജംഗ്ഷന് സമീപം മരം റോഡിലേക്ക് വീണു. തൃശൂര്‍ പറപ്പൂര്‍ – ചാലയ്ക്കല്‍ റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. തൃശ്ശൂര്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായത്. വന്‍മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ആളൂര്‍ കല്ലേറ്റുക്കര, പുല്ലൂര്‍ മേഖലയിലാണ് വന്‍ നാശനഷ്ടമുണ്ടായത്.
ഇടുക്കി ശാന്തന്‍പാറയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.
അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതോടെ മിക്ക നദികളിലും ജലനിരപ്പ് ഉയര്‍ന്നു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കു കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശ്ശൂര്‍, പാലക്കാട്, ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലായി നിലവില്‍ 47 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 879 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 339 പുരുഷന്മാരും, 362 സ്ത്രീകളും, 178 കുട്ടികളുമാണിതിലുള്ളത്. എന്‍ഡിആര്‍എഫ് ടീം 21 പേരെ വിവിധ ജില്ലകളിലായി രക്ഷപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ വിന്യസിക്കാനായി ദേശിയ ദുരന്ത പ്രതികരണ സേനയുടെ അംഗങ്ങളെ വിവിധ ജില്ലകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം – മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *