ചെന്നൈ: പേമാരിയുടെ ദുരിതമൊഴിയാതെ തമിഴ്നാട്. മൂന്ന് ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി .മഴക്കെടുതി രൂക്ഷമായ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ ചെന്നൈ നഗരത്തിന്‍റെ താഴ്ന്ന മേഖലകള്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. 250 ലധികം വീടുകള്‍ കനത്ത മഴയിലും മരങ്ങള്‍ കടപുഴകി വീണും തകര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വെള്ളം താഴ്ന്ന പ്രദേശങ്ങളിലെ ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങി തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.അടുത്ത രണ്ട് മണിക്കൂറില്‍ ഒറ്റപെട്ട പ്രദേശങ്ങളില്‍ കനത്ത മഴയോ ഇടിയോടുകൂടിയ മഴയോ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് ശനിയാഴ്ച മുതല്‍ കനത്ത മഴയുണ്ടായത്. വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരപ്രദേശങ്ങളെല്ലാം പ്രളയക്കെടുതിയില്‍ അകപ്പെട്ടു.
കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് ആറ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 2015ല്‍ ചെന്നൈയിലുണ്ടായ കനത്ത പ്രളയത്തിനു ശേഷം ഇതാദ്യമായാണ് തോരാതെ പെയ്യുന്ന പേമാരിയെത്തുടര്‍ന്ന് പ്രളയമുണ്ടാകുന്നത്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട്, മലപ്പുറം , ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ടും. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് , വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.