മഴക്കെടുതിയില്‍ അഞ്ച് മരണം; കളമശേരിയില്‍ മേഘവിസ്ഫോടനം

Kerala

. തെക്കന്‍- മധ്യ ജില്ലകളില്‍ കനത്ത മഴ
. കോട്ടയത്ത് ഉരുള്‍പൊട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്നലെ അഞ്ച് മരണം. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. കൊച്ചിയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. വേങ്ങൂര്‍ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്‍റെ മകന്‍ എല്‍ദോസാണ് മരിച്ചത്. മാവേലിക്കരയില്‍ മരം കടപുഴകി വീണ് ഓലകെട്ടി സ്വദേശി അരവിന്ദ് മരിച്ചു. ഇടുക്കി മറയൂരില്‍ മത്സ്യബന്ധനത്തിനിടെ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് പാമ്പാര്‍ സ്വദേശി രാജന്‍ മരിച്ചു. വൈക്കം വേമ്പനാട്ടുകായലില്‍ മീന്‍പിടക്കാന്‍പോയ മത്സ്യബന്ധന തൊഴിലാളി ചെമ്പ് സ്വദേശി സദാനന്ദന്‍ വള്ളം മറിഞ്ഞ് മരിച്ചു.
കനത്ത മഴയാണ് വിവിധ ജില്ലകളില്‍ തുടരുന്നത്. കോട്ടയം, എറണാകുളം, തിരുവനന്തപുരം,ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കനത്തമഴയാണ്.എറണാകുളം കളമശേരിയില്‍ ഇന്നലെ രാവിലെ കനത്ത മഴയ്ക്കു പിന്നില്‍ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതര്‍ പറഞ്ഞു. രാവിലെ ഒന്നര മണിക്കൂറില്‍ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രൊഫസര്‍ എസ്. അഭിലാഷ് അറിയിച്ചു. കുസാറ്റിന്‍റെ മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.
കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. മണിക്കൂറില്‍ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ അതിനെ മേഘവിസ്ഫോടനമെന്നു പറയാം
കോട്ടയം ജില്ലയില്‍ കനത്തമഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആളപായം ഉണ്ടായിട്ടില്ലെന്നുമാണ് വിവരം. തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്ത് നഗരത്തില്‍ വെള്ളക്കെട്ട് ഭീഷണി. ജഗതി ബണ്ട് റോഡിലും വീടുകളിലും വെള്ളം കയറി. കരമന മേലാറന്നൂരിലും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാല് ദിവസത്തിനകം കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *