മഴക്കെടുതിയില്‍ മരിച്ചവര്‍ 12 ആയി; 10 ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പ്

Kerala

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. 95 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആറു നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. കണ്ണൂര്‍ നെടുമ്പുറം ചാലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്‍റെ (55 )മൃതദേഹം കണ്ടെത്തി.ഇതോടെ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.രണ്ടര വയസ്സുകാരി നുമതസ്ലിനും വെള്ളറ കോളനിയിലെ രാജേഷുമാണ് മരിച്ച മറ്റു രണ്ടുപേര്‍. നെടുമ്പുറം ചാലില്‍ കൊളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകളാണ് നുമ തസ്ലിന്‍.വെള്ളത്തിന്‍റെ ഇരമ്പല്‍ കേട്ട് വീടിന്‍റെ പിന്‍ഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു.നദീറയുടെകൈയിലായിരുന്നു കുഞ്ഞ്. നദീറയെയും സമീപത്തുള്ള കുടുംബത്തെയും ഫയര്‍ ഫോഴ്സെത്തി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്‍റെ മൃതദേഹം തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കണ്ടെടുത്തത്. പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ കോട്ടയം കൂട്ടിക്കലില്‍ റിയാസി(47)ന്‍റെ മൃതദേഹവും കണ്ടെടുത്തു.
കോതമംഗലം കുട്ടമ്പുഴയില്‍ വനത്തിനുള്ളില്‍ കാണാതായ കര്‍ഷകന്‍ പൗലോസിന്‍റെ മൃതദേഹവും കണ്ടെത്തി.സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 2291പേരെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയം ജില്ലയിലാണ് കൂടുതല്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നത്. സംസ്ഥാനത്ത് 27 വീടുകള്‍ പൂര്‍ണമായും 126 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം,പാലക്കാട്, തൃശൂര്‍, എറണാകുളം,ആലപ്പുഴ,കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുംഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള 10 ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അറബിക്കടലില്‍ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ അതിജാഗ്രത വേണം. തുടര്‍ച്ചയായ ഉരുള്‍പ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. അതിനിടെ ആറ് നദികളില്‍ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പുനല്‍കി. അച്ചന്‍കോവില്‍,ഗായത്രിപ്പുഴ, മീനച്ചിലാര്‍, മണിമലയാര്‍,നെയ്യാര്‍, കരമനയാര്‍ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പു നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *