. ട്രാഫിക് പോലീസ് ഇല്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി
കോഴിക്കോട് : മലാപ്പറമ്പ് പൈപ്പ്ലൈന്‍ റോഡില്‍നിന്നും വരുന്ന വാഹനങ്ങള്‍ക്ക് വയനാട് റോഡിലേക്ക് തടസ്സംകൂടാതെ മുറിച്ചുകടക്കുന്നതിന് ഏറെ സഹായകമായ ട്രാഫിക് പോലീസ് വാര്‍ഡന്‍റെ സേവനം ഇല്ലാതായതോടെ ഇവിടെ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി. എത്രയും പെട്ടെന്ന് ട്രാഫിക്പോലീസിനെ നിയോഗിച്ച് വാഹന ഗതാഗതം സുഗമമാക്കണമെന്നാവശ്യം ശക്തം.
വാഹനത്തിരക്കേറിയ രാവിലെ 8.30 മുതല്‍ 10.30 വരെയും വൈകുന്നേരം നാലുമണി മുതല്‍ ആറു വരെയും ട്രാഫിക്പോലീസിന്‍റെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു പൈപ്പ്ലൈന്‍റോഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പ് ഡിജിപിക്ക് നിവേദനം നല്‍കുകയുണ്ടായി. നിവേദനം പരിഗണിച്ച ഡിജിപി, സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒരു ട്രാഫിക് പോലീസ് വാര്‍ഡനെ ഇവിടെ നിയോഗിച്ചു.
ഇതോടെ ഈ മേഖലയില്‍ ഗതാഗതക്കുരുക്കിന് പരിഹാരവുമായി.എന്നാലിപ്പോള്‍ പഴയ സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥലം മാറിപോയി. പുതിയ കമ്മീഷണര്‍ വന്നതിനുശേഷം പോലീസ് വാര്‍ഡന്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഇവിടെ നില്‍ക്കാറില്ല. ഇതുകാരണം പല ദിവസങ്ങളിലും ഗതാഗതക്കുരുക്കുകള്‍ ഉണ്ടാവുന്നു.പൈപ്പ്ലൈന്‍ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പറ്റാത്ത സാഹചര്യമാണ്.ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗതാഗതം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് വാര്‍ഡന്‍റെ സേവനം വീണ്ടും ലഭ്യമാക്കണമെന്നും, എത്രയും പെട്ടെന്ന് ട്രാഫിക് പോലീസ് അധികൃതര്‍ ഈ കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.