മലയിന്‍കീഴ് സ്വദേശിയെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Top News

10 ലക്ഷം രൂപ കാണാതായതായി

തിരുവനന്തപുരം : മലയിന്‍കീഴ് സ്വദേശിയെ തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് പൊലീസിന്‍റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.കാറിന്‍റെ മുന്‍സീറ്റിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍. ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനാല്‍ പൊലീസ് കാറിനു സമീപമെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം മലയത്ത് ക്രഷര്‍ യൂണിറ്റ് നടത്തുകയാണ് ദീപു. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് നിഗമനം.
മലയിന്‍കീഴിനടുത്ത് മണിയറവിളയില്‍ ക്രഷര്‍ യൂണിറ്റും വര്‍ക് ഷോപ്പും നടത്തിയിരുന്നയാളാണ് 46 കാരനായ ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാനായി പോകുന്നൂവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയത്.
കൊലപാതക സ്ഥലത്ത് നിന്ന് ലഭിച്ച സി.സി.ടി വി ദൃശ്യം കേന്ദ്രീകരിച്ചാണ് തമിഴ്നാട് പൊലീസിന്‍റെ അന്വേഷണം. കാറില്‍ നിന്ന് ബാഗും തൂക്കിയൊരാള്‍ നടന്നുപോകുന്നത് ദൃശ്യങ്ങളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *