കൊച്ചി: വായനയിലൂടെ ഗ്രഹിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സമകാലിക ലോകത്തിന്‍റെ നേര്‍ചിത്രം വരച്ചുകാട്ടാന്‍ സിനിമയ്ക്ക് കഴിയുമെന്ന് നടന്‍ മോഹന്‍ലാല്‍.
കൊച്ചിയില്‍ നടക്കുന്ന റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ മറ്റു ജനവിഭാഗങ്ങളുടെ സംസ്കാരത്തെ കുറിച്ചും ജീവിതരീതിയെ കുറിച്ചും അറിവ് പകര്‍ന്നു നല്‍കുന്നതില്‍ ചലച്ചിത്രമേളകള്‍ പങ്കുവഹിക്കുന്നു. ലോകസിനിമിയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ അറിയാനും അതനുസരിച്ച് നമ്മുടെ സിനിമയെ പ്രമേയപരമായി നവീകരിക്കാനും ചലച്ചിത്രകാരന്മാര്‍ക്ക് ഇത്തരം മേളകള്‍ പ്രചോദനം പകരും. നല്ല സിനിമകള്‍ തീയേറ്ററിലെ ബിഗ് സ്ക്രീനില്‍ തന്നെ കാണാനുള്ള അവസരമാണിത്.
ലോകസിനിമകള്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന് പുറമേ മലയാള സിനിമയ്ക്ക് മറ്റു ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനവേദി ലഭിക്കുന്നതിനും ഇത്തരം വേദികള്‍ സഹായിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ചലച്ചിത്ര മേളയില്‍ എത്തിപ്പെടാന്‍ കഴിയാത്ത സിനിമാപ്രേമികള്‍ക്ക് ഈ മേള ആശ്വാസമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വലിയൊരു ദൗത്യമായാണ് ഇതിനെ നോക്കി കാണുന്നത്. ചലച്ചിത്ര അക്കാഡമിയുടെ സാരഥിയായ രഞ്ജിത്തിനും മറ്റംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇതിലും വലിയ കാര്യങ്ങള്‍ മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.കേളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രാദേശിക പതിപ്പാണ് കൊച്ചിയില്‍ നടക്കുന്നത്. അഞ്ച് ദിവസം നീളുന്ന ഈ ചലച്ചിത്രമേളയില്‍ ഐഐഎഫ്കെയില്‍ പ്രദര്‍ശിപ്പിച്ച 68 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.