മലയാള സിനിമകളുടെ റിലീസ് തുടരും; നിലപാട് തിരുത്തി ഫിയോക്

Top News

കൊച്ചി: മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. തീരുമാനത്തിനെതിരേ ഫിയോക്കിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമായ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റം.നിര്‍മാതാക്കളും വിതരണക്കാരുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഫിയോക് ചെയര്‍മാന്‍ നടന്‍ ദിലീപ് പറഞ്ഞു.കരാര്‍ ലംഘിച്ച് സിനിമകള്‍ ഒ.ടി.ടിയില്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഫെബ്രുവരി 22 മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. തിയറ്ററില്‍ എത്തി 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ സിനിമ ഒ.ടി.ടിക്ക് നല്‍കുകയുള്ളൂ എന്ന സത്യവാങ്മൂലം ഫിലിം ചേംബറില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ നല്‍കുന്നതാണ്. ഇത് പലതവണയായി പല നിര്‍മാതാക്കളും ലംഘിച്ച് സിനിമ ഇറങ്ങിയ ഉടന്‍ തന്നെ ഒ.ടി.ടിക്ക് കൊടുക്കുന്നു. ഇത് തിയറ്ററുടമകള്‍ക്ക് നഷ്ടം ഉണ്ടാക്കുന്നുവെന്ന് ഫിയോക് ആരോപിച്ചിരുന്നു.
എന്നാല്‍, തീരുമാനത്തിനെതിരേ ഫിയോക്കിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമായി. നിര്‍മാതാക്കള്‍ കൂടിയായ നടന്‍ ദിലീപും ആന്‍റണി പെരുമ്പാവൂരുമാണ് ഫിയോക്കിന്‍റെ ചെയര്‍മാനും വൈസ് ചെയര്‍മാനും. ഫിയോക്കിന്‍റെ ആരോപണങ്ങള്‍ ഫലത്തില്‍ ഇവരെയും ബാധിക്കുന്ന സാഹചര്യവും വന്നു. ദിലീപ് നായകനായ തങ്കമണി മാര്‍ച്ച് ഏഴിന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ്. നാദിര്‍ഷാ സംവിധാനം ചെയ്ത വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി 23 -ന് റിലീസ് ചെയ്യേണ്ടതായിരുന്നു. സമരത്തെത്തുടര്‍ന്ന് മാര്‍ച്ച് ഒന്നിലേക്ക് റിലീസ് മാറ്റി. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്താണ് റിലീസ് തുടരാന്‍ ഫിയോക് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *