മലയാളി നഴ്സിന്‍റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

Top News

ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഭോപ്പാലിലെ ഗായത്രി വിഹാര്‍ കോളനിയില്‍ താമസക്കാരിയായ മലയാളി നഴ്സ് ടി.എം. മായ (37) മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് മായയുടെ സുഹൃത്തായ ഉത്തര്‍പ്രദേശ് സ്വദേശി ദീപക് കട്ടിയാര്‍ (31) അറസ്റ്റിലായി. ഇരുവരും തമ്മില്‍ അഞ്ചു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ മായ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് ദീപക് മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം ദീപക് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായിരുന്നു കൊലപാതകം.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ദീപക് തന്നെയാണ് മായയെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. യുവതി തലകറങ്ങി വീണെന്നും തുടര്‍ന്ന് അബോധാവസ്ഥയിലായെന്നുമാണ് ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍, ആശുപത്രിയില്‍ എത്തും മുന്‍പേ മായ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇക്കാര്യം പൊലീസില്‍ അറിയിക്കുകയും ചെയ്തു. അപ്പോഴേക്കും ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട ദീപക്കിനെ ഹലാല്‍പുര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ദീപക് തന്നെയാണ് മായയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചാണ് മായയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ചോദ്യംചെയ്യലില്‍ പ്രതി ഇക്കാര്യം സമ്മതിച്ചു. മായ മരിച്ച് നാലു മണിക്കൂറിനു ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.
വിവാഹിതയായ മായ അഞ്ചു വര്‍ഷം മുന്‍പാണ് മറ്റൊരു ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ അവിടെ ജീവനക്കാരനായിരുന്ന ദീപക്കിനെ പരിചയപ്പെട്ടത്. പിന്നീട് ആശുപത്രി മാറിയ മായ ഭര്‍ത്താവിനും 12 വയസ്സുള്ള മകനും ഒപ്പമായിരുന്നു താമസം. അപ്പോഴും ദീപക്കുമായുള്ള ബന്ധം തുടര്‍ന്നു. മൂന്നു മാസം മുന്‍പ് മായയുടെ ഭര്‍ത്താവ് നാട്ടിലേക്കു മടങ്ങിയിരുന്നു.
കാന്‍പുര്‍ സ്വദേശിയായ ദീപക് ലാല്‍ഘട്ടിയിലെ ഫ്ളാറ്റിലായിരുന്നു താമസം. മായ ഇടയ്ക്കിടെ ഇവിടെ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ബുധനാഴ്ച വൈകിട്ടും മായ ദീപക്കിനെ കാണാനായി ഇവിടെ എത്തിയിരുന്നു. അന്നു രാത്രി തന്നെ കൊലപാതകം നടന്നതായാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *