.ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
.ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകള്‍
. മന്ത്രവാദത്തിന് ഇരയായോ എന്നു സംശയം
തിരുവനന്തപുരം: മലയാളികളായ മൂന്ന് പേരെ അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികളായ നവീന്‍ (35), ഭാര്യ ദേവി (35) ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അരുണാചലിന്‍റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.മാര്‍ച്ച് 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ അധ്യാപികയായിരുന്ന ആര്യ വീട്ടുകാരോടൊന്നും പറയാതെയാണ് ഇറങ്ങിപ്പോയത്. പൊലീസ് അന്വേഷണത്തില്‍ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. അതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചിരുന്നില്ല.
നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത് മാര്‍ച്ച് 17-നാണ്. മാര്‍ച്ച് 28-നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. മൂന്നുനാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോള്‍ ഇവര്‍ പിതാവിനോട് പറഞ്ഞത്. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ആയുര്‍വേദ പഠനകാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുര്‍വേദ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. കുട്ടികളില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മീനടത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ആയുര്‍വേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീന്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലേക്ക് തിരിഞ്ഞു. ദേവി ജര്‍മ്മന്‍ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു.
ദമ്പതികളായ ദേവിയും നവീനും സുഹൃത്ത് ആര്യയും മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഗൂഗിളില്‍ തിരഞ്ഞതു മരണാനന്തര ജീവിതത്തെപ്പറ്റി. ഹോട്ടല്‍ മുറിയില്‍നിന്ന് അരുണാചല്‍ പൊലീസ് ഇവരുടെ ഫോണ്‍ കണ്ടെത്തി. ഇവര്‍ മന്ത്രവാദത്തിന് ഇരയായോ എന്ന് സംശയമുണ്ട്.മൂവരുടെയും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.