മലയാളികളുടെ മരണത്തില്‍ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ പൊലീസ്

Top News

ഇറ്റാനഗര്‍: അരുണാചലിലെ ഹോട്ടല്‍ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തില്‍ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചല്‍ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ട്. കുടുംബം എന്ന നിലയിലാണ് മൂവരും ഹോട്ടലില്‍ മുറി എടുത്തതെന്ന് എസ് പി കെനി അറിയിച്ചു. മുറി എടുക്കുന്നതിന് നവീന്‍റെ രേഖകളാണ് നല്‍കിയത്. മറ്റുള്ളവരുടെ രേഖകള്‍ പിന്നീട് നല്‍കാമെന്നാണ് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞതെന്നും അരുണാചല്‍ പ്രദേശ് പൊലീസ് പറയുന്നത്. മാര്‍ച്ച് 28 ന് എത്തിയ മൂവരും മൂന്ന് ദിവസം പുറത്തായിരുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ് പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവീന്‍ മറ്റുള്ളവരുടെ ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു എന്നാണ് സംശയിക്കുന്നത്. എന്തിന് സിറോ താഴ്വരയിലെത്തിയതെന്ന് അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു. മരിച്ച നവീന്‍- ദേവി ദമ്പതികള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട ആശങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആര്യയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ഇറ്റാനഗറിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *