കോഴിക്കോട്: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റേയും ജില്ലാ ഭരണകൂടത്തിന്‍റേയും സഹായത്തോടെ നടത്തുന്ന എട്ടാമത് മലബാര്‍ ക്രാഫ്റ്റ്സ് മേളക്ക് ഉജ്ജ്വല തുടക്കം. സ്വപ്ന നഗരിയില്‍ നടക്കുന്ന മേളയില്‍ കേരളത്തിനകത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും തല്‍സമയ നിര്‍മാണവുമാണ് സംഘടി്പ്പിച്ചിരിക്കുന്നത്. ഈ മാസം 16 വരെയാണ് കോഴിക്കോടിന്‍റെ മണ്ണില്‍ മലബാര്‍ ക്രാഫ്റ്റ് മേള നടക്കുന്നത്. കേരളത്തിന്‍റെ പരമ്പാരഗത വ്യവസായ സംരംഭങ്ങളുടെ അഭിവൃദ്ധിയും തനത് ഉല്‍പന്നങ്ങളുടെ വിപണനവും മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് മലബാര്‍ ക്രാഫ്റ്റ്സ് മേള.
വൈകുന്നേരം ആറ് മണിയോടെ തുടങ്ങിയ മേളയുടെ സ്റ്റാളുകള്‍ ജില്ലാ കളക്ടര്‍ നരസിംഹു ഗാരി ടി എല്‍ റെഡ്ഡി, വ്യവസായ വകുപ്പ് ഡയറക്ടര്‍ ഹരി കിഷോര്‍ ഐഎഎസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം, കേരള ബ്യുറോ ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ജനറല്‍ മാനേജര്‍ വാന്‍ റോയ് എന്നിവര്‍ സന്ദര്‍ശിച്ചു.