കൊച്ചി: മറ്റൊരു കൊലപാതകത്തില്‍ കൂടി പങ്കുണ്ടെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തീരുമാനിച്ചു.കാലടി സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് പുതിയ നീക്കം.നരബലിക്കേസില്‍ 12 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികളും ഹൈകോടതി സമീപിച്ചിരിക്കുകയാണ്. പൊലീസ് മെനയുന്ന കള്ളക്കഥകള്‍ക്ക് വ്യാജതെളിവുണ്ടാക്കാനും മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും തെളിവുനല്‍കുന്ന സ്ഥിതി വിശേഷമുണ്ടാക്കാനാണുമാണ് ഇത്രയും നീണ്ട ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നതെന്ന് ആരോപിച്ചാണ് ഒന്നാം പ്രതി ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിങ്, മൂന്നാം പ്രതി ലൈല എന്നിവര്‍ ഹരജി നല്‍കിയത്.
അന്വേഷണ സംഘം നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റ് ചെയ്തത് മുതല്‍ മതിയായ നിയമസഹായമോ അഭിഭാഷകനെ കാണാനുള്ള അനുമതിയോ നല്‍കിയില്ല.
പ്രതികളുടെയും സാക്ഷികളുടെയും വെളിപ്പെടുത്തലുകളും അന്വേഷണ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് കൂടാതെ ഇല്ലാക്കഥകളും പ്രചരിപ്പിക്കുകയാണ്. പ്രതികളെ ഇത്രയും ദിവസം കസ്റ്റഡിയില്‍ വാങ്ങിയത് നിര്‍ബന്ധിച്ച് തെളിവുകളുണ്ടാക്കാനും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമാണ്.ഇതെല്ലാം ബോധ്യപ്പെടുത്തിയിട്ടും 12 ദിവസം പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ അനുവദിച്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്‍റെ ഉത്തരവ് നിയമവിരുദ്ധവും അനുചിതവും ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണ്. അതിനാല്‍, ഈ ഉത്തരവ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.അതേ സമയം പ്രതി മുഹമ്മദ് ഷാഫിയുടെ ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ പരിശോധന നടത്തും. സൈബര്‍ വിഭാഗത്തിന്‍റെ സഹായത്തോടെയാണ് ഇത്. ഈ അക്കൗണ്ടില്‍നിന്ന് പലരുമായി ചാറ്റ് ചെയ്തതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇത് ആരൊക്കെയാണെന്ന് കണ്ടെത്താനാണ് ശ്രമം. ഷാഫി മറ്റൊരു കേസില്‍ ജയിലിലായിരുന്ന സമയത്ത് അക്കൗണ്ട് സജീവമായിരുന്നുവെന്ന വിവരമുണ്ട്.