പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേ ഇല്ല
. ഹര്‍ജികള്‍ ഏപ്രില്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്ന് ആഴ്ച കോടതി അനുവദിച്ചു. ഹര്‍ജികള്‍ ഏപ്രില്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും. ആരുടെയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹര്‍ജികള്‍ മുന്‍വിധിയോടെ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.
കേന്ദ്ര സര്‍ക്കാരിനു സമയം ചോദിക്കാന്‍ അവകാശമുണ്ടെന്നു കോടതി പറഞ്ഞു. കേസില്‍ കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കുമെന്നും വ്യക്തമാക്കി. നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് മുസ്ലിം ലീഗിനായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ല. അതിനാല്‍ സ്റ്റേ നല്‍കിയ ശേഷം വിശദമായ വാദം ഏപ്രിലില്‍ കേട്ടുകൂടേ എന്ന് സിബല്‍ ചോദിച്ചു. പൗരത്വം നല്‍കുന്നതു മൂന്നുമാസം നീണ്ടുനില്‍ക്കുന്ന നടപടിയാണെന്നും ഈ സാഹചര്യത്തില്‍ അഭയാര്‍ഥികളുടെ അവകാശം ലംഘിക്കരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. മുസ്ലീം ലീഗ്, സി.പി.എം,സിപിഐ, ഡി.വൈ.എഫ്.ഐ , മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.