മരംമുറിയില്‍ ജുഡീഷ്യല്‍
അന്വേഷണമില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

Kerala
  • പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. വയനാട്ടിലെ മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന മന്ത്രി എ കെ ശശീന്ദ്രന്‍റെ മറുപടിയില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. റവന്യൂ ഉത്തരവ്, വനംവകുപ്പിന്‍റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ളതായിരുന്നുവെന്നും പുറത്തിറക്കിയ റവന്യൂ ഉത്തരവ് നടപ്പാക്കാനുള്ള ഒരു നിര്‍ദേശവും വനം വകുപ്പ് നല്‍കിയിരുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ആ ഉത്തരവ് വനം വകുപ്പിന് ലഭിച്ചെങ്കിലും നടപ്പാക്കാനുള്ള നിര്‍ദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് മരങ്ങള്‍ സ്വകാര്യ മേഖലയില്‍ നിന്നും സ്വകാര്യ കൈവശ ഭൂമിയില്‍ നിന്നും കടത്താന്‍ സാദ്ധ്യതയുണ്ടെന്നതിനാല്‍ ഈ വിഷയത്തില്‍ മുറിക്കപ്പെട്ട സര്‍ക്കാര്‍ വക തടികള്‍ കസ്റ്റഡിയില്‍ എടുക്കാനും കേരളാ വനം നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. വനം കൊള്ളയാണ് നടന്നതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടെങ്കിലും ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *