മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാല്‍ കുടുങ്ങും; പരിശോധനാ സംവിധാനവുമായി പോലീസ്

Top News

തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങള്‍ വരുത്തുന്നത് തടയാന്‍ നടപടിയുമായി കേരള പോലീസ്. ഡ്രൈവര്‍മാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ആല്‍ക്കോ സ്കാന്‍ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികള്‍ സ്വീകരിക്കും.അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന. ഡ്രൈവറെ ബസിനുള്ളില്‍ കയറ്റി ഉമിനീര്‍ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. പരിശോധനയ്ക്കുള്ള ആല്‍ക്കോ സ്കാന്‍ ബസ് റോട്ടറി ക്ലബ്ബ് കേരള പോലീസിന് കൈമാറി. ബസിന്‍റെ ഫ്ളാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റോട്ടറി ക്ലബ്ബിന്‍റേയും പോലീസിന്‍റേയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. ലഹരി വിപത്ത് സമൂഹത്തെ വലിയ തോതില്‍ ഗ്രസിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതില്‍ പ്രചരിക്കുന്നു. അതിന് ബോധപൂര്‍വ്വം ചിലര്‍ ശ്രമിക്കുന്നുണ്ട്.
ലഹരി ഉപഭോഗത്തിനെതിരായി സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ടവരെ ഉള്‍ക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാംസ്കാരിക സംഘടനകള്‍, ഗ്രന്ഥാലയങ്ങള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി എല്ലാവരും ക്യാമ്പയിന്‍റെ ഭാഗഭാക്കാകും. ഇതിനൊപ്പം ബോധപൂര്‍വ്വം ലഹരിയില്‍ അടിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ക്കശമാക്കും. ബസും പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികള്‍ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മാര്‍ച്ച് 31ന് മുമ്പ് ഇത്തരത്തില്‍ 15 ആല്‍ക്കോ സ്കാന്‍ ബസുകള്‍ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്‍റെ പൊതുനിരത്തുകളില്‍ വാഹനം പറപ്പിക്കുന്ന ഡ്രൈവര്‍മാരെ ഈ ബസുകള്‍ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും. മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാല്‍ പരിശോധിച്ച് കണ്ടെത്താന്‍ സംവിധാനമുള്ളത് പോലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് ചടങ്ങില്‍ സംസാരിച്ച വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *