മയക്കുമരുന്നിനെതിരെ യുവാക്കളായ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കണം: മുഖ്യമന്ത്രി

Top News

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയകളെ ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് യുവാക്കളായ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ ലക്ഷ്യംവയ്ക്കുന്ന ഇത്തരം സംഘങ്ങളെ ഇല്ലാതാക്കാന്‍ കൂട്ടായ പരിശ്രമം വേണം. കേരള യൂത്ത് ലീഡര്‍ഷിപ് അക്കാദമി (കൈല)യും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) ചേര്‍ന്ന് യുവജനപ്രതിനിധികള്‍ക്ക് നടത്തിയ പരിശീലനം യുവശക്തിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയില്‍ കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഒരേ സ്ഥാനമാണുള്ളത്. ഇതില്‍ത്തന്നെ നിരവധി ചുമതലകള്‍ നിര്‍വഹിക്കാന്‍ തദ്ദേശ ജനപ്രതിനിധികള്‍ ബാധ്യസ്ഥരാണ്. അതില്‍ യുവാക്കളുടെ പ്രവര്‍ത്തനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും യുവാക്കളുടെ പ്രസക്തി നാം മനസ്സിലാക്കിയതാണ്. അതിനൊപ്പം ഭരണമികവ് കൂടി ഉണ്ടാക്കാന്‍ ഈ ശില്‍പ്പശാല സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ മാലിന്യസംസ്കരണത്തിനും യുവജന പ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 30 വയസ്സിന് താഴെയുള്ള ആയിരത്തോളം ജനപ്രതിനിധികളും 25 വയസ്സിന് താഴെയുള്ള 1600ഓളം ജനപ്രതിനിധികളുമാണുള്ളത്. 12 ബാച്ചിലായി ഇവര്‍ക്ക് പരിശീലനം നല്‍കി. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷനായി. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, വി.കെ. പ്രശാന്ത് എംഎല്‍എ, എം.ഡി. ജംഷീര്‍, ഡോ. ഫസീല, അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *