തിരുവനന്തപുരം : മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോള്‍ ചലഞ്ച് പരിപാടിക്കു തുടക്കമായി. ക്യാംപെയിനിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എല്ലാ മലയാളികളും ഗോള്‍ ചലഞ്ചിന്‍റെ ഭാഗമാകണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ഫുട്ബോള്‍ ലോകകപ്പിന്‍റെ ആവേശത്തെ മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്‍റെ ഭാഗംകൂടിയാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ മുക്കിലും മൂലയിലും അലയടിക്കുന്ന ഫുട്ബോള്‍ ആവേശം ലഹരിക്കെതിരായ പോരാട്ടംകൂടിയാകണം. അതിന്‍റെ ഭാഗമായി രണ്ടു കോടി ഗോളുകള്‍ അടിക്കാനാണ് ഗോള്‍ ചാലഞ്ചിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. മയക്കുമരുന്നിനെതിരേ ഫുട്ബോള്‍ ലഹരിയെന്ന ഈ പരിപാടി എല്ലാ വാര്‍ഡിലും വിദ്യാലയങ്ങളിലും അല്‍ക്കൂട്ടങ്ങളിലും പൊതു ഇടങ്ങളിലും സജീവമായി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ലഹരിക്കെതിരായ പോരാട്ടം ഊര്‍ജസ്വലമാകുന്നതിന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്ന് ഉ്ദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ലഹരിയുടെ ഉപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും മയക്കുമരുന്നിന്‍റെ സ്വാധീനമുണ്ടെന്നാണു കണ്ടെത്തല്‍. ഈ വിപത്തില്‍നിന്നു കേരളത്തെ മോചിപ്പിക്കുകയെന്നതാണു സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സമയം എന്‍ഫോഴ്സ്മെന്‍റ് ശക്തിപ്പെടുത്തിയും ജനങ്ങളെ അണിനിരത്തിയുമാണ് മയക്കുമരുന്നിനെതിരേ കേരളം പോരാടുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ കേരളം പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. കക്ഷിരാഷ്ട്രീയ ജാതി മത, ലിഗംഭേദമില്ലാതെ മലയാളികള്‍ ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.ഗോള്‍ ചാലഞ്ചിനു തുടക്കമിട്ട് വേദിക്കരികില്‍ ഒരുക്കിയ ഗോള്‍ പോസ്റ്റില്‍ മന്ത്രിമാര്‍ ഗോളടിച്ചു. തുടര്‍ന്നു വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളുമെല്ലാം ഗോള്‍ പോസ്റ്റില്‍ ലഹരിക്കെതിരായ ഗോളുകള്‍ നിറച്ചു. ആദ്യ ദിനത്തില്‍ ഉദ്ഘാടന വേദിയില്‍ത്തന്നെ 1272 ഗോളുകള്‍ രേഖപ്പെടുത്തി. വി.കെ. പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, എക്സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണന്‍, അഡിഷണല്‍ എക്സൈസ് കമ്മിഷണര്‍ ഡി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.മയക്കുമരുന്നിനെതിരായ നോ ടു ഡ്രഗ്സ് ബഹുജന ക്യാംപെയിനിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണു ഗോള്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാര്‍ക്കുകളിലും അയല്‍ക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. ഡിസംബര്‍ 18ന് ഗോള്‍ ചലഞ്ച് അവസാനിക്കും. തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ഒരു പോസ്റ്റ് തയ്യാറാക്കി, എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വന്ന് ഗോളടിക്കാന്‍ കഴിയുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഗോള്‍ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ഒരുക്കും. ബോളിലും ‘നോ ടു ഡ്രഗ്സ്’ എന്ന് പതിപ്പിക്കണം. ഓരോ പോസ്റ്റിലും ഗോള്‍ ചലഞ്ച് ഉദ്ഘാടനവും പെനാള്‍ട്ടി ഷൂട്ടൗട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിക്കും.
അടിക്കുന്നയാളിന്‍റെ പേരും ഗോളുകളുടെ എണ്ണവും രേഖപ്പെടുത്താനും സംവിധാനം ഒരുക്കാം. ചലഞ്ച് അവസാനിക്കുമ്പോള്‍ ആകെ അടിച്ച ഗോളുകളുടെ എണ്ണം ഓരോ കേന്ദ്രത്തിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങളുടെ പൊതു പ്രദര്‍ശന കേന്ദ്രങ്ങള്‍ക്കു സമീപം പോസ്റ്റുകളൊരുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ ലോകകപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ ലഹരിക്കെതിരെയുള്ള ബോധവത്കരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കളിക്കു മുന്‍പും ഇടവേളയിലും ഫുട്ബോള്‍, മയക്ക്മരുന്ന് വിരുദ്ധ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.