കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന ആരോപണത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ജില്ലാ കലക്ടര്‍ വിശദീകരണം തേടി. യു.ഡി.എഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നും മുന്‍പ് പ്രഖ്യാപിച്ച കാര്യം പറയുക മാത്രമാണ് ചെയ്തതെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. തിങ്കളാഴ്ച നളന്ദ ഓഡിറ്റോറിയത്തില്‍ എല്‍.ഡി.എഫ് നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പ്രസംഗത്തിനിടെ പറഞ്ഞത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ മന്ത്രി റിയാസ് പദ്ധതി പ്രഖ്യാപനം നടത്തിയെന്നാണ് യു.ഡി.എഫിന്‍റെ പരാതി. മന്ത്രിയുടെ പ്രസംഗം ചിത്രീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വീഡിയോഗ്രാഫറെ സ്ഥാനാര്‍ത്ഥി എളമരം കരീം തടഞ്ഞതായും സംഭവത്തില്‍ അന്വേഷണം വേണമെന്നും യു.ഡി.എഫിന്‍റെ പരാതിയില്‍ പറയുന്നു.