. രൂക്ഷവിമര്‍ശനം മന്ത്രി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പാര്‍ട്ടിയില്‍ ചിലരുടെ അഭിപ്രായം
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്‍റെ വിമര്‍ശനത്തോട് നിയമസഭയില്‍ തന്‍റെ നിലപാട് വിശദീകരിച്ച് കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ. തന്നെപ്പറ്റി മന്ത്രി മുഹമ്മദ് റിയാസ് ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ചതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. റിയാസ് പറഞ്ഞത് തനിക്കുള്ള മറുപടിയാണെന്ന് വ്യാഖ്യാനിക്കേണ്ട. തിരുവനന്തപുരത്ത് നടന്ന വികസന സെമിനാറില്‍ 2021 ല്‍ നിയമസഭയില്‍ ഉന്നയിച്ച വിഷയം ആവര്‍ത്തിച്ചത് തെറ്റിദ്ധാരണജനകമായിട്ടാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.
ജനജീവിതം ദുസ്സഹമാക്കുന്ന തലസ്ഥാന നഗരത്തിലെ റോഡ് പണിയിലും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും രൂക്ഷവിമര്‍ശനവുമായാണ് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത്. നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിലാണ് മേയര്‍ ആര്യ രാജേന്ദ്രനെ വേദിയിലിരുത്തിയുള്ള കടകംപള്ളിയുടെ കടുത്ത വിമര്‍ശനം.
രണ്ടുമൂന്ന് പദ്ധതികള്‍ തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിക്കുന്നു. വര്‍ഷങ്ങളായി യാത്രസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നു. അമൃത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്‍മ്മാണപ്രവൃത്തികള്‍ ജനങ്ങളെ തടവിലാക്കുന്ന സാഹചര്യമുണ്ട്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചുവര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വേണ്ടത്ര വേഗത്തോടെ നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്ന പോരായ്മയുണ്ട്. നഗരസഭയുടെ പോരായ്മയാണെന്ന് പറയില്ല. കൗണ്‍സിലര്‍മാരുടെയോ നഗരസഭക്ക് നേതൃത്വം കൊടുക്കുന്നവരുടെയോ പോരായ്മയാണെന്നും പറയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രന്‍റെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവര്‍ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും റിയാസ് വിമര്‍ശിച്ചു. സ്മാര്‍ട്ട് റോഡ് വികസനത്തിന്‍റെ പേരില്‍ ജനങ്ങളെ തടങ്കലിലാക്കുന്നുവെന്ന് കടകം പള്ളി സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മാര്‍ച്ച് 31 ഓടെ റോഡുകള്‍ പൂര്‍ത്തിയാകുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. ആകാശത്ത് റോഡ് നിര്‍മ്മിച്ച് താഴെ കൊണ്ട് വന്ന് ഫിറ്റ് ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഒരേ പാര്‍ട്ടിയില്‍പ്പെട്ട മന്ത്രിയും മുന്‍മന്ത്രി കൂടിയായ എംഎല്‍എയും പേര് പറയാതെ പരസ്പരം പരോക്ഷമായാണ് വിമര്‍ശനം ഉന്നയിച്ചതെങ്കിലും ആരെപ്പറ്റിയാണ് പറയുന്നതെന്ന് പകല്‍പോലെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍ റിയാസ് പറഞ്ഞത് തന്നെക്കുറിച്ചല്ലെന്ന് അഭിപ്രായപ്പെട്ടത്.
പരോക്ഷമായിട്ടാണെങ്കിലും പാര്‍ട്ടിയിലെ സീനിയര്‍ നേതാവും മുന്‍മന്ത്രിയുമായ ഒരാളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കേണ്ടിയിരുന്നില്ല എന്നതാണ് സി.പി.എമ്മിലെ ചില നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം. തിരുവനന്തപുരത്ത് വര്‍ഷങ്ങളായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കടകംപള്ളി സുരേന്ദ്രനെ പോലെയുള്ള ഒരു രാഷ്ട്രീയ നേതാവിന്‍റെ വിമര്‍ശനങ്ങള്‍ മന്ത്രി ഉള്‍ക്കൊള്ളണമായിരുന്നുവെന്നും രൂക്ഷവിമര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അഭിപ്രായമുണ്ട്