ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും ജനവിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനമാണ് ബി.ജെ.പി നടത്തുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിനെതിരെ സ്റ്റാലിന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ ബി.ജെ. പിക്ക് താങ്ങാനാവില്ല. ഇത് തങ്ങളുടെ ഭീഷണിയല്ല. മുന്നറിയിപ്പാണ്. നേര്‍ക്കുനേര്‍ നിന്ന് രാഷ്ട്രീയം പറയാന്‍ ഡി. എം.കെ തയാറാണ്. അധികാരത്തിന് വേണ്ടി മാത്രം പാര്‍ട്ടി നടത്തുന്നവരല്ല ഞങ്ങള്‍. ഡി.എം.കെയുടെ പോരാട്ട വീര്യം ഡല്‍ഹിയിലുള്ളവരോട് ചോദിച്ച് മനസിലാക്കൂവെന്നും സ്റ്റാലിന്‍ പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സ്റ്റാലിന്‍റെ പ്രതികരണം.
പത്ത് വര്‍ഷം മുമ്പുള്ള കേസ് കുത്തിപ്പൊക്കി സെന്തില്‍ ബാലാജിയെ തടവിലാക്കി മാനസിക സമ്മര്‍ദത്തിലാക്കുകയാണ്. ഇഡിയുടെ പ്രവര്‍ത്തനം മൂലം ശരീരികവും മാനസികവുമായി തകര്‍ന്ന സെന്തിലിന്‍റെ ജീവനു പോലും ഭീഷണി നേരിടുകയാണ്.
എന്തെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലോ അന്വേഷണം നടത്തിയാല്‍ തെറ്റില്ല. കേസ് ഭയന്ന് ഒളിച്ചോടാന്‍ അദ്ദേഹം ഒരു സാധാരണക്കാരനല്ല. അഞ്ച് തവണ എംഎല്‍എ ആയ ആളാണ്. ഭീകരവാദിയെപ്പോലെ തടവിലാക്കി അന്വേഷണം നടത്തേണ്ട ആവശ്യകത എന്താണ്. എല്ലാ വിശദീകരണവും നല്‍കാന്‍ തയാറാണെന്ന് ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സെന്തില്‍ പറഞ്ഞതാണ്. എന്നാല്‍ ഒരാളെയും കാണാന്‍ അനുവദിക്കാതെ 18 മണിക്കൂറാണ് അദ്ദേഹത്തെ ഇഡി തടവില്‍ വച്ചത്. സ്റ്റാലിന്‍ പറഞ്ഞു.
