മനുഷ്യ- വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും

Top News

. സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് മന്ത്രിസഭയുടെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള ദുരന്തങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് മനുഷ്യ- വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും.സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉള്‍പ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. വന്യജീവി ആക്രമണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നല്‍കുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്താനും മന്ത്രി സഭായോഗം തീരുമാനിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഇന്‍റര്‍സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങള്‍ ചേരും. ഇതിനായി ചീഫ് സെക്രട്ടറി, വനം വകുപ്പ് മേധാവി എന്നിവരെ ചുമതലപ്പെടുത്തും.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി നിയമിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകരമാകുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *