. സിബിഐ അറസ്റ്റില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ് സിസോദിയ
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതി കേസിലാണ് അറസ്റ്റ്. ഇതേ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
മൂന്ന് ദിവസം ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ തിഹാര്‍ ജയിലിനുള്ളില്‍ വെച്ച് ഉദ്യോഗസ്ഥര്‍ മനീഷ് സിസോദിയയെ 45 മിനിറ്റ് ചോദ്യം ചെയ്തതായി ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജയിലില്‍ രാവിലെ 10.15 മുതല്‍ 11 വരെയാണ് ചോദ്യം ചെയ്തത്.
അതേസമയം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ടുള്ള ഡല്‍ഹി പ്രത്യേക കോടതിയുടെ വിധിപ്രകാരമാണ് തിങ്കളാഴ്ച മനീഷ് സിസോദിയയെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.