ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന എ.എ.പി മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയക്ക് എതിരെ സി.ബി.ഐ പുതിയ അഴിമതിക്കേസ് ഫയല്‍ ചെയ്തു.ഡല്‍ഹി സര്‍ക്കാരിന്‍റെ ഫീഡ്ബാക്ക് യൂനിറ്റുമായി (എഫ്.ബി.യു)ബന്ധപ്പെട്ടാണ് പുതിയ കേസ്. എ.എ.പി അധികാരത്തിലിരിക്കെ, 2015ലാണ് എഫ്.ബി.യു രൂപീകരിച്ചത്. സിസോദിയ ആണ് ഈ യൂനിറ്റിന് നേതൃത്വം നല്‍കിയത് എന്നാണ് സി.ബി.ഐയുടെ വാദം.ഇത് സര്‍ക്കാരിന് 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് സി.ബി.ഐയുടെ വാദം. ഡല്‍ഹി വിജിലന്‍സ് ഡിപാര്‍ട്ട്മെന്‍റിന് കീഴില്‍ ആരംഭിച്ച ഫീഡ്ബാക്ക് യൂനിറ്റ് വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് പരാതിയുയര്‍ന്നിരുന്നു.
എ.എ.പി അധികാരത്തില്‍ വന്നതിന് ശേഷം 2015 ല്‍ മനീഷ് സിസോദിയ ആണ് സ്നൂപിങ്ങ് യൂനിറ്റിന് തുടക്കം കുറിച്ചത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ തേടുന്നതിനാണ് ഈ വിഭാഗം എന്ന അവകാശവാദം ഉന്നയിച്ചായിരുന്നു ഫീഡ്ബാക്ക് യൂനിറ്റിന്‍റെ ആരംഭം. എന്നാല്‍ മറ്റ് പാര്‍ട്ടി നേതാക്കളുടേതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത് വഴി ചോര്‍ത്തുന്നതായി ആരോപണമുയര്‍ന്നു.അതിനിടെ, മനീഷ് സിസോദിയയെ ദീര്‍ഘകാലം ജയിലിലടക്കാന്‍ പ്രധാനമന്ത്രി നിരവധി വ്യാജ കേസുകളുമായി വന്നിരിക്കുകയാണെന്നായിരുന്നു പുതിയ കേസിനെ കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പ്രതികരണം.
