മധ്യവേനലവധി ക്ലാസുകള്‍ കര്‍ശനമായി വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

Top News

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്കൂള്‍ ക്ലാസുകള്‍ കര്‍ശനമായി വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും വിലക്ക് ബാധകമാണ്.സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
മധ്യവേനലവധിക്ക് ക്ലാസ് നടത്തുന്നതുവഴി ക്ലാസിലോ യാത്രക്കിടയിലോ കുട്ടികള്‍ക്ക് വേനല്‍ച്ചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് സ്കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ വ്യക്തിപരമായി ഉത്തരവാദികളായിരിക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാമ്പുകള്‍ക്കും നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കാത്തപക്ഷം സ്കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടക്കേണ്ടതും ജൂണിലെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *