ശിക്ഷ ഇന്ന് വിധിക്കും
പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയിലെ ആദിവാസിയുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. രണ്ട് പേരെ വെറുതെ വിട്ടു. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുല്‍ കരീമിനെയുമാണ് വെറുതെ വിട്ടത്. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ധീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് എസ് സി -എസ് ടി കോടതി കണ്ടെത്തി.പ്രതികള്‍ക്കെതിരെയുള്ള 304(2) വകുപ്പ് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. പതിനാറാം പ്രതിക്കെതിരെ 352 വകുപ്പ് മാത്രമാണ് തെളിഞ്ഞിരിക്കുന്നത്. കേസില്‍ ശിക്ഷ ഇന്ന് വിധിക്കും.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്‍റെയും മല്ലിയുടെയും മകന്‍ മധു (30) ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. മുക്കാലിയിലെ ഒരു കടയില്‍ നിന്ന് അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ കാട്ടില്‍നിന്നു പ്രതികള്‍ സംഘം ചേര്‍ന്നു പിടികൂടി മര്‍ദ്ദിച്ചു മുക്കാലിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തു
അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ അവശനായ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷന്‍ കേസ്.പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്‍റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. കൂറുമാറിയ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. മാര്‍ച്ച് പത്തിന് കേസിന്‍റെ അന്തിമവാദം പൂര്‍ത്തിയായിരുന്നു.