പാലക്കാട്: അട്ടപ്പാടി മധു കേസിലെ സാക്ഷികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്. ജില്ലാ ജഡ്ജി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയുടേതാണ് ഉത്തരവ്.കൂറുമാറാതിരിക്കാനാണ് സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ഇതുകൂടാതെ മധുവിന്‍റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നല്‍കും. ഇതിന് മുമ്പ് കേരളത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കേസിലാണ് സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുള്ളത്.മധുവധക്കേസ് ജൂണ്‍ 8ന് വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു.
പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവരാണ് വിചാരണക്കിടെ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. പ്രോസിക്യൂഷന്‍റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്നും ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തി.സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും ഈ സാഹചര്യത്തില്‍ അഡീഷണല്‍ പ്രോസിക്യൂട്ടറെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമായിരുന്നു മധുവിന്‍റെ അമ്മയുയെും സഹോദരിയുടെയും ആവശ്യം.
ഇതിന് പിന്നാലെയാണ് സി. രാജേന്ദ്രന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചത്. അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സി. രാജേന്ദ്രന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം.