മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ തിരുവനന്തപുരം ജില്ല കലക്ടറുടെ വിചാരണ മാറ്റിവെച്ചു. സംഭവം നടക്കുമ്പോള്‍ ഒറ്റപ്പാലം സബ് കലക്ടറായിരുന്ന ജെറോമിക് ജോര്‍ജിന്‍റെ ഇന്നലെ നടക്കാനിരുന്ന വിസ്താരമാണ് തിരുവനന്തപുരത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാറ്റിയത്.പുതിയ തീയതി പിന്നീട് തീരുമാനിക്കും.
ബുധനാഴ്ച പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും ഓരോ ഹരജികള്‍ മണ്ണാര്‍ക്കാട് ജില്ല സ്പെഷല്‍ കോടതി അനുവദിച്ചു. മധുവിന്‍റെ ജാതി തെളിയിക്കാന്‍ അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍നിന്ന് പുതിയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയും മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് രമേശന്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയപ്പോള്‍ തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന പ്രതിഭാഗം ഹരജിയുമാണ് അനുവദിച്ചത്.അന്വേഷണ ഉദ്യോഗസ്ഥന്‍ അഗളി മുന്‍ ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യനെ ഡിസംബര്‍ അഞ്ചിനും കേസിലെ സാക്ഷി പാലക്കാട് ഡിവൈ.എസ്.പി ശശികുമാറിനെ ഒമ്പതിനും വിസ്തരിക്കാനും കോടതി തീരുമാനിച്ചു.