പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലക്കേസില്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. ആകെ 127 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്.കുറ്റപത്രത്തോടൊപ്പം 122 സാക്ഷികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നതില്‍ പിന്നീട് അഞ്ച് പേരെ അധികമായി ചേര്‍ക്കുകയായിരുന്നു. ഇതില്‍ 24 പേര്‍ കൂറുമാറിയിരുന്നു, 77 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി വിധി നല്‍കി. 24 പേരെ വിസ്തരിക്കുന്നതില്‍ നിന്ന് വിചാരണവേളയില്‍ കോടതി ഒഴിവാക്കിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയതോടെ പ്രതികളുടെ ചോദ്യം ചെയ്യലാണ് അടുത്ത നടപടി.
ഏറെ അസാധാരണമായ സാഹചര്യങ്ങള്‍ നിറഞ്ഞതായിരുന്നു മധു വധക്കേസിന്‍റെ സാക്ഷി വിസ്താരണം. സാക്ഷി വിസ്താരത്തിന്‍റെ തുടക്കത്തില്‍ പ്രതിഭാഗത്തിന് അനുകൂലമായി വിധി മാറ്റിപ്പറഞ്ഞ സാക്ഷികള്‍ കഴിഞ്ഞ മാസം പ്രോസിക്യൂഷന് അനുകൂലമായ രീതിയില്‍ വീണ്ടും മൊഴി നല്‍കിയിരുന്നു. പ്രതിഭാഗം അഭിഭാഷകന്‍റെ ചോദ്യങ്ങള്‍ക്കിടയില്‍ മധുവിന്‍റെ അമ്മ മല്ലി വികാരാധീനയാകുന്നതിനും അട്ടപ്പാടി എസ്.സി-എസ്.ടി കോടതി സാക്ഷ്യം വഹിച്ചു. കൂടാതെ കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ മജിസ്ട്രറ്റിനെ വിസ്തരിക്കുന്ന അസാധാരണ സാഹചര്യവും ഉടലെടുത്തിരുന്നു.
മധുവധക്കേസ് കസ്റ്റഡി മരണമാണോ എന്ന് ഉറപ്പുവരുത്താനായി രണ്ട് മജിസ്റ്റീരിയല്‍ അന്വേഷണം നടന്നിരുന്നു. അന്നത്തെ മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയിരുന്ന എന്‍.രമേശനായിരുന്നു ഒരന്വേഷണം പൂര്‍ത്തിയാക്കിയത്. മറ്റൊന്ന് ഒറ്റപ്പാലം സബ്കളക്ടറായിരുന്ന ജെറോമിക് ജോര്‍ജിന്‍റെതാണ്. സബ്കളക്ടറിനെയും കോടതി പിന്നാലെ വിസ്തരിച്ചിരുന്നു.
സാക്ഷി വിസ്താരം പൂര്‍ത്തിയായതോടെ പ്രതിഭാഗത്തെ ഉടനെ തന്നെ ചോദ്യം ചെയ്ത് തുടങ്ങും. പ്രതിഭാഗത്തിന് ഈ സാഹചര്യത്തിലും പുതിയ തെളിവുകളും സാക്ഷികളെയും ഹാജരാക്കാവുന്നതാണ്. ഇതിന് ശേഷമായിരിക്കും ക്രോസ് വിസ്താരം ആരംഭിക്കുക. കേസില്‍ ഏപ്രിലോടെ വിധിപ്രസ്താവമുണ്ടാകുമെന്നാണ് സൂചന.