ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ രണ്ടു മാസം മുമ്പ് അറസ്റ്റിലായ മുന്‍ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം.സിസോദിയയുടെ പേര് ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്‍റെ മകള്‍ കെ. കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുത്ചി ബാബു, മദ്യവ്യപാരി അമന്‍ദീപ് സിങ് ധള്‍, അര്‍ജുന്‍ പാണ്ഡെ എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.
പുതുക്കിയ മദ്യനയത്തിലൂടെ മദ്യലൈസന്‍സ് നേടിയവര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് സിസോദിയക്കെതിരെ ചുമത്തിയത്.
10 പേരെ അറസ്റ്റ് ചെയ്ത കേസില്‍ സിസോദിയ ഒഴികെ എല്ലാവരും ജാമ്യത്തിലിറങ്ങി. ഫെബ്രുവരി 26നാണ് സിസോദിയയെ അറസ്റ്റു ചെയ്തത്. 58-ാം ദിവസമാണ് കുറ്റപത്രം ഫയല്‍ ചെയ്തത്. ജാമ്യം വീണ്ടും നിഷേധിക്കപ്പെടാന്‍ വഴിയൊരുക്കുന്നതാണിത്.
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ കഴിഞ്ഞയാഴ്ച സി.ബി.ഐ സാക്ഷിയെന്ന നിലയില്‍ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.