ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസ് അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ കെ. കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കവിതയെ തിഹാര്‍ ജയിലിലെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്.
മദ്യനയ അഴിമതിയില്‍ മുഖ്യപങ്ക് കെ. കവിതക്കാണെന്നും അവര്‍ എ.എ.പിക്ക് പണം നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു. കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കവിത ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പ്രത്യേക കോടതിയുടെ അനുമതിയോടെ സി.ബി.ഐ തിഹാര്‍ ജയിലിലെത്തി കവിതയെ ചോദ്യം ചെയ്തിരുന്നു. ജയിലില്‍ വച്ച് തന്നെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐയുടെ നീക്കത്തിനെതിരെ കവിത കോടതിയെ സമീപിച്ചിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 15നാണ് 46കാരിയായ കവിതയെ ഹൈദരാബാദിലെ വസതിയില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും ഉള്‍പ്പെടെ എ.എ.പിയുടെ ഉന്നതനേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായാണ് ഇഡി ആരോപിക്കുന്നത്.