മലപ്പുറം : ഹാര്‍ബറുകള്‍ നവീകരിച്ചും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയും മത്സ്യബന്ധന മേഖല ആധുനികവല്‍ക്കരിക്കുമെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ ഉണ്ണിയാലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫിഷറീസ് വകുപ്പില്‍ നിന്നും 30 സെന്‍റ് വസ്തു ലഭ്യമാക്കി അതില്‍ കെട്ടിട സമുച്ചയം നിര്‍മിച്ച് 16 കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ കഴിയുന്ന നാല് കെട്ടിട സമുച്ചയങ്ങളാണ് തുറമുഖ എഞ്ചിനീയറിങ് വകുപ്പ് മുഖേന പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉണ്ണിയാലില്‍ നിര്‍മിക്കുന്നത്. 540 ചതുരശ്ര അടി വിസ്തീര്‍ണമാണുള്ളത്.
ഓരോ യൂണിറ്റിലും രണ്ട് കിടപ്പ് മുറി, ഒരു ഹാള്‍, അടുക്കള, ശൗചാലയം എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. 16 ഫ്ളാറ്റുകളുടെ നിര്‍മാണത്തിന് 199 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസത്തിനായി സര്‍ക്കാര്‍ 2450 കോടി രൂപയുടെ പുനര്‍ഗേഹം പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. തീരദേശത്ത് രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ളിടത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങളേയും സുരക്ഷിത മേഖലയില്‍ ഭവനമൊരുക്കി പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ 21219 കുടുംബങ്ങള്‍ ഇത്തരത്തില്‍ തീരദേശത്ത് അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 8675 കുടുംബങ്ങള്‍ സുരക്ഷിത മേഖലയിലേയ്ക്ക് മാറിതാമസിക്കുവാന്‍ സന്നദ്ധത അറിയിച്ചു.