തിരുവനന്തപുരം: ഭൂമി തരം മാറ്റാന്‍ അപേക്ഷ നല്‍കി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളി ജീവനൊടുക്കി സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നമാണ് ആത്മഹത്യയില്‍ കലാശിച്ചത്.
ചുവപ്പുനാട ഒഴിവാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ആര്‍.ഡി.ഒ ഓഫീസുകളില്‍ നൂറുകണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മത്സ്യത്തൊഴിലാളി പറവൂര്‍ മൂത്തകുന്നം വില്ലേജ് മാല്യങ്കര കോഴിക്കല്‍ വീട്ടില്‍ സജീവനാണ് (57) ആത്മഹത്യ ചെയ്തത്. ഭൂമി തരം മാറ്റാന്‍ അപേക്ഷ നല്‍കി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി നിരാശനായ സജീവന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ജീവനൊടുക്കിയത്.പുരയിടം ബാങ്കിന് പണയപ്പെടുത്തി മറ്റ് ബാധ്യതകള്‍ തീര്‍ക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് തന്‍റെ വീടിരിക്കുന്ന സ്ഥലം നിലമാണെന്ന് മനസ്സിലാവുന്നത്. നിലമായതിനാല്‍ വായ്പ ലഭിച്ചില്ല.