കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് പുലര്‍ച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുല്‍ കടല്‍യാത്രക്ക് പുറപ്പെട്ടത്. ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചെലവഴിച്ചതിനു ശേഷമാണ് രാഹുല്‍ തിരികെയെത്തിയത്. കെ.സി. വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുമായി ഇന്ന് രാവിലെ നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാരുന്ന കടല്‍യാത്ര. മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. മത്സ്യ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ കഴിയും വിധം പരിഹരിക്കാന്‍ ശ്രമിക്കും. പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
മത്സ്യ തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിന്‍വലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി.ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധന വില ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലം കൊണ്ടുപോകുന്നത് മറ്റുചിലരെന്നും രാഹുല്‍. മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തെ താന്‍ ആരാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ഉണ്ടാകുമെന്നും രാഹുല്‍. മത്സ്യത്തൊഴിലാളികള്‍ക്കുമേല്‍ ചുമത്തുന്ന നികുതിയില്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.മത്സ്യ തൊഴിലാളികള്‍ക്കായി മാത്രമുള്ള മന്ത്രാലയം കേന്ദ്രത്തിലില്ല. അവര്‍ക്കൊപ്പം കടലില്‍ സമയം ചിലവിട്ടതോടെ തൊളിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ തനിക്ക് സാധിച്ചെന്ന് പറഞ്ഞ രാഹുല്‍ തൊഴിലാളികളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.