റോം: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള അന്വേഷണം തള്ളി റോം ജഡ്ജി.വിചാരണയ്ക്ക് മതിയായ തെളിവുകള്‍ ഇല്ലെന്ന് കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഇന്ത്യയിലെ സുപ്രീം കോടതി ഏഴ് മാസം മുന്‍പ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിച്ചിരുന്നു.
2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2012 ഫെബ്രുവരി 15ന് സെന്‍റ് ആന്‍റണി എന്ന മത്സ്യബന്ധന കപ്പലില്‍ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ എണ്ണക്കപ്പലായ എന്‍റിക്ക ലെക്സിയിലുണ്ടായിരുന്ന ഇറ്റാലിയന്‍ നാവികരായ മിസിമിലിയാനോ ലട്ടോറെ സാള്‍വട്ടോര്‍ ജിറോണ്‍ എന്നിവര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. കേരള തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്‍റിക്ക ലെക്സിയെ തടയുകയും രണ്ട് ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 2014 സെപ്റ്റംബര്‍ 13നും 2016 മെയ് 28നുമാണ് ലട്ടോറെയും ജിറോണും ഇന്ത്യയില്‍ നിന്ന് ഇറ്റലിയിലേക്ക് കേസിനുപിന്നാലെ മടങ്ങിയത്.
ഇറ്റലിയിലെ പ്രതിരോധ മന്ത്രി കേസ് തള്ളിക്കളഞ്ഞ നടപടി സ്വാഗതം ചെയ്തു. 2021 ജൂണില്‍ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്ന എഫ് ഐആര്‍ ഇന്ത്യയിലെ സുപ്രീം കോടതി റദ്ദാക്കുകയും നാവികര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദി ലോ ഒഫ് ദി സീ (യു എന്‍ സി എല്‍ ഒ എസ്) പ്രകാരം രൂപീകരിച്ച, ഇന്ത്യ ഒരു കക്ഷിയായ ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് കണക്കിലെടുത്തായിരുന്നു സുപ്രീം കോടതി വിധി. 2.17 കോടി രൂപ നല്‍കിയതിന് പുറമേ പത്ത് കോടി രൂപ ഇറ്റലി നഷ്ടപരിഹാരം നല്‍കിയിരുന്നു. മാത്രമല്ല കേസില്‍ പുനരന്വേഷണം ആരംഭിക്കുമെന്നും ഇറ്റലി ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.