മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍
തന്നെയെന്ന് ഉമ്മന്‍ചാണ്ടി

Kerala

ന്യൂഡല്‍ഹി: മത്സരിക്കുകയാണെങ്കില്‍ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. നേമത്ത് ബി.ജെ.പിക്കെതിരെ മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം.11 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച പുതുപ്പള്ളി വിടില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. എ ഗ്രൂപ്പില്‍ നിന്നുള്ള പ്രമുഖരും ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടില്ലെന്ന സൂചന നേരത്തെ നല്‍കിയിരുന്നു. നേമം സംബന്ധിച്ച് ചര്‍ച്ച ഉയര്‍ത്തുന്നത് ബി.ജെ.പിക്ക് അനാവശ്യ പ്രാധാന്യം നല്‍കുമെന്നും എ ഗ്രൂപ്പ് വക്താക്കള്‍ പറയുന്നുണ്ട്.
മാത്രമല്ല, കോണ്‍ഗ്രസിന്‍റെ നില പരുങ്ങലിലായ നേമത്ത് ജയിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നതിനാല്‍ ഉമ്മന്‍ചാണ്ടിയെ പോലൊരാള്‍ അവിടത്തെ പ്രചരണത്തില്‍ ഒതുങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും പറയുന്നു.
സംസ്ഥാനം നിറഞ്ഞ് പ്രചരണത്തില്‍ സജീവമാകേണ്ട ഉമ്മന്‍ചാണ്ടിയെ ഒരു മണ്ഡലത്തില്‍ ഒതുക്കാനാകില്ലെന്നും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ വാദിക്കുന്നു. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തില്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തുമ്പോഴാണ് നേമം സാധ്യത തള്ളിക്കൊണ്ട് ഉമ്മന്‍ചാണ്ടി പരസ്യമായി വിശദീകരണം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *